എറിയാട്: ബിനാനി സിങ്ക് കന്പനിയിൽ നിന്നുള്ള രാസമാലിന്യം എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിച്ചിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം നീക്കംചെയ്യുന്നതിനും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ ജനകീയ സമരസമിതി അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്.
പഞ്ചായത്ത് രാജ് നിയമപ്രകാരം ഗ്രാമപഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽപ്പെട്ടതാണ് മാലിന്യസംസ്കരണം. എന്നാൽ, എറിയാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന രാസമാലിന്യം മാസങ്ങൾ പിന്നിട്ടിട്ടും നീക്കം ചെയ്യാത്തതു ഭരണസമിതിയുടെ ഗുരുതരവീഴ്ചയാണെന്ന് ജനകീയ സമരസമിതി ആരോപിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ എറിയാട് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
രാസമാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് യഥാർഥ പ്രതികളെ കണ്ടെത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള അന്വേഷണസമിതിയെ പ്രഖ്യാപിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. രാസമാലിന്യം കലർന്ന മണ്ണിൽ കാലവർഷത്തെത്തുടർന്ന് മഴവെള്ളം കെട്ടിക്കിടന്നതോടെ ഭൂഗർഭജലത്തിലും രാസമാലിന്യത്തിന്റെ സാന്നിധ്യമുണ്ടാകാനുള്ള സാഹചര്യം ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലസ്രോതസുകൾ മലിനമായിട്ടുണ്ടെങ്കിൽ ഗുരുതര ആരോഗ്യപ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും യോഗം വിലയിരുത്തി.
രാസമാലിന്യം നിക്ഷേപിച്ചിട്ടുള്ള പ്രദേശങ്ങളിലെ മുഴുവൻ ജലസ്രോതസുകളിൽനിന്നും സാന്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണം. വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പുലർത്തുന്ന ഉദാസീനത ഗുരുതരമായ വീഴ്ചയാണെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ഈ രാസമാലിന്യങ്ങൾ എറിയാട് പഞ്ചായത്തിൽ നിക്ഷേപിക്കുന്നതിനുവേണ്ടി നിരവധി വാഹനങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നാമമാത്രമായ വാഹനങ്ങൾ മാത്രമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്. ഇതിനായി ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്ത് വാഹന ഉടമകൾക്കെതിരേ കർശനനിയമനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജനകീയ സമരസമിതി ചെയർമാൻ വി.എം. ഷൈൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.ബി. മൊയ്തു, എറിയാട് ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് പി.കെ. മുഹമ്മദ്, അഴീക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോണ്‍, ജനകീയ സമരസമിതി ജനറൽ കണ്‍വീനർ പി.എ. മുഹമ്മദ് സഗീർ, കെ എസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, കോണ്‍ഗ്രസ് നേതാക്കളായ ബഷീർ കൊണ്ടാന്പിള്ളി, സി.പി. തന്പി, പി.എ. കരുണാകരൻ, സിദ്ദിഖ് പേബസാർ, എറിയാട് ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. സജീവൻ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ.എം. സാദത്ത് തുടങ്ങിയവർ പ്രസംഗിച്ചു.